അൽ-മുഖ്തസർ
تِلْكَ ٱلرُّسُلُ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۘ مِّنْهُم مَّن كَلَّمَ ٱللَّهُ ۖ وَرَفَعَ بَعْضَهُمْ دَرَجَـٰتٍ ۚ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَـٰتِ وَأَيَّدْنَـٰهُ بِرُوحِ ٱلْقُدُسِ ۗ وَلَوْ شَآءَ ٱللَّهُ مَا ٱقْتَتَلَ ٱلَّذِينَ مِنۢ بَعْدِهِم مِّنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَـٰتُ وَلَـٰكِنِ ٱخْتَلَفُوا۟ فَمِنْهُم مَّنْ ءَامَنَ وَمِنْهُم مَّن كَفَرَ ۚ وَلَوْ شَآءَ ٱللَّهُ مَا ٱقْتَتَلُوا۟ وَلَـٰكِنَّ ٱللَّهَ يَفْعَلُ مَا يُرِيدُ ﴿٢٥٣﴾
നാം നിനക്ക് വിവരിച്ചു തന്ന ആ ദൂതന്മാരിൽ ചിലർക്ക് നാം മറ്റു ചിലരെക്കാൾ അവർക്ക് നൽകിയ സന്ദേശത്തിലും അവരുടെ അനുയായികളുടെ എണ്ണത്തിലും സ്ഥാനങ്ങളിലും ശ്രേഷ്ഠത നല്കിയിരിക്കുന്നു. അല്ലാഹു നേരിൽ സംസാരിച്ചിട്ടുള്ളവർ അവരിലുണ്ട്; മൂസാ നബിയെ (അ) പോലെ. മുഹമ്മദ് നബി (സ) യെ പോലെ ഉന്നതമായ പദവികളിലേക്ക് ഉയർത്തിയവരും അവരിലുണ്ട്. കാരണം അദ്ദേഹം നിയോഗിക്കപ്പെട്ടത് സർവ്വ ജനങ്ങളിലേക്കുമായിട്ടായിരുന്നു. അദ്ദേഹത്തിലൂടെ പ്രവാചകത്വം പൂർത്തീകരിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിൻറെ സമുദായം മറ്റ് സമുദായങ്ങളേക്കാൾ ശ്രേഷ്ഠരാക്കപ്പെടുകയും ചെയ്തു. മർയമിന്റെ മകൻ ഈസാക്ക് അദ്ദേഹം നബിയാണെന്നതിനുള്ള തെളിവായി -മരിച്ചവരെ ജീവിപ്പിക്കുക, അന്ധനെയും വെള്ളപ്പാണ്ടുകാരനെയും സുഖപ്പെടുത്തുക പോലുള്ള- വ്യക്തമായ ദൃഷ്ടാന്തങ്ങൾ നാം നൽകുകയും ചെയ്തു. അല്ലാഹുവിൻറെ കൽപ്പനകൾ നിർവ്വഹിക്കാൻ ജിബ്രീൽ (അ) മുഖേന അദ്ദേഹത്തിന് നാം പിൻബലം നല്കുകയും ചെയ്തു. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ നബിമാരുടെ പിൻഗാമികൾ വ്യക്തമായ തെളിവ് വന്നുകിട്ടിയതിനു ശേഷവും അന്യോന്യം പോരടിക്കുമായിരുന്നില്ല. എന്നാൽ അവർ അഭിപ്രായഭിന്നതയിലാവുകയും, അങ്ങനെ ചിന്നിച്ചിതറുകയും ചെയ്തു. അങ്ങനെ അല്ലാഹുവിൽ വിശ്വസിച്ചവരും അവനെ നിഷേധിച്ചവരും അവരുടെ കൂട്ടത്തിലുണ്ടായി. അവർ പോരടിക്കരുതെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവർ പോരടിക്കുമായിരുന്നില്ല. പക്ഷെ അല്ലാഹു താൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നു. അവനുദ്ദേശിക്കുന്നവരെ അവൻ്റെ കാരുണ്യവും അനുഗ്രഹവും മുഖേന നേർമാർഗ്ഗത്തിലേക്ക് നയിക്കുകയും അവനുദ്ദേശിക്കുന്നവരെ അവൻ്റെ യുക്തിയും നീതിയും മുഖേന വഴി പിഴവിലാക്കുകയും ചെയ്യുന്നു.