അൽ-മുഖ്തസർ
وَإِذْ قُلْنَا لَكَ إِنَّ رَبَّكَ أَحَاطَ بِٱلنَّاسِ ۚ وَمَا جَعَلْنَا ٱلرُّءْيَا ٱلَّتِىٓ أَرَيْنَـٰكَ إِلَّا فِتْنَةً لِّلنَّاسِ وَٱلشَّجَرَةَ ٱلْمَلْعُونَةَ فِى ٱلْقُرْءَانِ ۚ وَنُخَوِّفُهُمْ فَمَا يَزِيدُهُمْ إِلَّا طُغْيَـٰنًا كَبِيرًا ﴿٦٠﴾
അല്ലാഹുവിൻ്റെ റസൂലേ! നാം താങ്കളോട് ഇപ്രകാരം പറഞ്ഞ സന്ദർഭം ഓർക്കുക: തീർച്ചയായും നിൻ്റെ രക്ഷിതാവ് സർവ്വ മനുഷ്യരെയും അവൻ്റെ ശക്തികൊണ്ട് വലയം ചെയ്തിരിക്കുന്നു. അവരെല്ലാം അവൻ്റെ പിടുത്തത്തിലാണ്. അവരിൽ നിന്നെല്ലാം അല്ലാഹു നിന്നെ സംരക്ഷിക്കുന്നതാണ്. അതിനാൽ എത്തിച്ചു നൽകാൻ കൽപ്പിക്കപ്പെട്ടത് നീ അവർക്ക് എത്തിച്ചു കൊടുക്കുക. ഇസ്റാഇൻ്റെ (രാപ്രയാണം) രാത്രിയിൽ നാം നിനക്ക് കാണിച്ചു നൽകിയ കാഴ്ചയെല്ലാം ജനങ്ങൾക്ക് ഒരു പരീക്ഷണമാകുന്നു; അവരതെല്ലാം സത്യപ്പെടുത്തുമോ, അല്ല അതിനെ കളവാക്കുമോ (എന്ന പരീക്ഷണം)? ഖുർആനിൽ പരാമർശിക്കപ്പെട്ട, നരകത്തിൻ്റെ അടിത്തട്ടിൽ വളരുന്ന സഖൂം വൃക്ഷവും അവർക്കൊരു പരീക്ഷണമായല്ലാതെ നാം നിശ്ചയിച്ചിട്ടില്ല. അവർ ഈ രണ്ട് ദൃഷ്ടാന്തങ്ങളിൽ വിശ്വസിച്ചില്ലെങ്കിൽ മറ്റു ദൃഷ്ടാന്തങ്ങളിലും അവർ വിശ്വസിക്കുകയില്ല. ദൃഷ്ടാന്തങ്ങൾ അവതരിപ്പിച്ചു കൊണ്ട് നാം അവരെ ഭയപ്പെടുത്തുന്നു; എന്നാൽ ദൃഷ്ടാന്തങ്ങൾ ഇറക്കിക്കൊണ്ടുള്ള ഈ ഭയപ്പെടുത്തൽ അവർക്ക് (അല്ലാഹുവിലുള്ള) നിഷേധവും വഴികേടിലുള്ള ഉറപ്പും വർദ്ധിപ്പിക്കുക മാത്രമാകുന്നു.